ആർത്തവം എന്നെങ്കിലും പുരുഷന് വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് ആർത്തവത്തിന്റെ പേരിൽ നിലനിൽക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാവുന്നത് കാണാം. ആർത്തവത്തെ ഒളിപ്പിച്ചു വെക്കാതെ അതിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ആളുകളെ കാണാം. അങ്ങനെ വളരെ വേറിട്ടൊരു ചിന്തയാണ് ഫസ്റ്റ് പിരീഡ് എന്ന ഷോർട്ട് ഫിലിം പറയുന്നത്.
ആണുങ്ങൾക്ക് ആർത്തവമുണ്ടായാൽ മാറി മറിയാവുന്ന സാമൂഹിക ചട്ടക്കൂടുകളാണ് ചിത്രത്തിലെ പ്രതിപാദ്യ വിഷയം. ഗ്ലോറിയ സ്റ്റെയിൻ എഴുതിയ 'ഇഫ് മെൻ കുഡ് മെൻസ്ട്രുവേറ്റ്' എന്ന ആക്ഷേപ ഹാസ്യപരമായ ലേഖനവും ഇതിനോടൊപ്പം ചേർത്തു വായിക്കാം.
പുരുഷന്മാരുടേത് മാത്രമായ ഒരു ഉട്ടോപ്യൻ ലോകത്താണ് കഥ നടക്കുന്നത്.
ഹൈ സ്കൂൾ ക്ലാസ്സിൽ പഠിക്കുന്ന ആയുഷിന്റെ ആദ്യ ആർത്തവ അനുഭവമാണ് കഥ പറയുന്നത്. വീട്ടിലെ പുരുഷന്മാരെല്ലാവരും തന്നെ ആയുഷിന് പൂർണ പിന്തുണയുമായി എത്തുന്നു. അതിലൊരാൾ അവന്റെ കൂടെ കടയിൽ പോവുകയും മെച്ചപ്പെട്ട പാഡുകൾ വാങ്ങിക്കൊടുക്കയും ചെയ്യുന്നു. സ്കൂളിൽ എത്തുമ്പോഴാവട്ടെ അവന്റെ കൂട്ടുകാരും അധ്യാപകരും അവന്റെ ആശങ്കകൾ ദുരീകരിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ആദ്യം ആയുഷ് വളരെ പരിഭ്രാന്തൻ ആയിരുന്നെങ്കിലും വളരെ സ്വാഭാവികമായി വീട്ടുകർക്കിടയിലും കൂട്ടുകാർക്കിടയിലും ഉണ്ടായ ആർത്തവത്തെപറ്റിയുള്ള ചർച്ചകൾ അവന്റെ ആർത്തവത്തോടുള്ള സമീപനം തന്നെ മാറ്റുന്നു. ആയുഷിന് പകരം ഒരു പെണ്കുട്ടി ആയിരുന്നെങ്കിലോ എന്ന ചോദ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.
ഏറെ ചിന്തിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കാരണം, ആയുഷിന് പകരം ഒരു പെണ്കുട്ടി ആണെങ്കിൽ, വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ അവൾക്കിത്രയും പിന്തുണയോ കരുതലോ ലഭിക്കില്ല. ആർത്തവത്തെപ്പറ്റി ഇത്രയധികം തുറന്ന ചർച്ചകൾ വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ ഉണ്ടാവുക പോലും ഇല്ല. എങ്ങനെ പാഡുകൾ കൃത്യമായി ഡിസ്‌പോസ് ചെയ്യണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ആയുഷിന് അധ്യാപകൻ പറഞ്ഞു കൊടുക്കുന്നുണ്ട്. പക്ഷെ പെണ്കുട്ടികൾക്കാണെങ്കിലോ? അവസ്ഥ വളരെ പരിതാപകരമാണ്. സ്കൂളിലോ മറ്റു പൊതുവിടങ്ങളിലോ കേടുപാടുകൾ ഇല്ലാത്ത ഇൻസിനേറ്റർ പ്രവർത്തിക്കുന്ന, വൃത്തിയുള്ള ശുചിമുറികൾ തന്നെ വളരെ അപൂർവമാണ്. പലർക്കും അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിവ് ലഭിക്കുന്നുപോലുമില്ല.
ആയുഷിന് വീടിന് സമീപമുളള ഒരു ചെറിയ കടയിൽ നിന്നും വാങ്ങികൊടുക്കുന്നത് ബയോ ഡിഗ്രേഡബിളായുള്ള സാനിട്ടറി പാഡുകളാണ്. അത്തരം മൂന്തിയയിനം പാഡുകൾ ഇന്ന് കടകളിൽ ലഭ്യമാണോയെന്ന് സംശയമാണ്. ഓൺലൈനായി ലഭിക്കുമെങ്കിലും തുക വളരെ കൂടുതലാണ്. അതിനാൽ തന്നെ സാധാരണക്കാർക്ക് അവ അപ്രായോഗികമാണ്. പക്ഷെ, ആർത്തവം ആണുങ്ങളുടേതാണെങ്കിൽ ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടക്കുകയും, കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല.
നേരെത്തെ സൂചിപ്പിച്ച ഗ്ലോറിയ സ്റ്റെയിനിമിന്റെ ലേഖനത്തിലും ആണുങ്ങൾക്ക് ആർത്തവമുണ്ടായാൽ അതൊരു പ്രിവിലേജും, ആണത്തം പോലെ തന്നെ അഭിമാനത്തിന്റെ ഘടകവുമാവുന്നു. ആർത്തവ പ്രശ്നങ്ങൾ കൂടുതൽ ചർച്ചയാവുകയും അവയുടെ കൂടുതൽ ഗവേഷണത്തിനായി പഠന വകുപ്പുകൾ വരെ സ്ഥാപിക്കപ്പെടുന്നു. സാനിറ്ററി പാഡുകളും ടാപോണുകളും സൗജന്യമായി നൽകുന്നു. ആർത്തവമുള്ളതിനാൽ പുരുഷനെ സമൂഹത്തിന്റെ നാനതുറകളിൽ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിക്കുന്നു. തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളാണ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്.
തമാശരൂപേണ തള്ളിക്കളയാവുന്ന ഒന്നല്ല ഇത്. ഉദാഹരണത്തിന് ആരാധനാലയങ്ങളിലെ ആർത്തവ അയിത്തം എടുക്കാം. ആർത്തവമുള്ളതിനാൽ സ്‌ത്രീകൾക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ട്. എന്നാൽ പുരുഷന് ഏത് സമയത്തും പ്രവേശിക്കാം. ഇതിനെ അസമത്വം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? മറിച്ചു പുരുഷനാണ് ആർത്തവമെങ്കിൽ ഇത്തരമൊരു വിലക്കുണ്ടാവുമെന്ന് കരുതുന്നുണ്ടോ?
ഒരുപാട് ചർച്ചകൾക്ക് വഴിതുറക്കുന്ന, പ്രേക്ഷകനെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ ചിത്രത്തിൽ ആർത്തവം മൂലം ഉണ്ടാവുന്ന ലിംഗ അസമത്വം കൃത്യമായി വരച്ചു കാട്ടുന്നു.

No comments:
Post a Comment