ആർത്തവത്തിന്റെ ശുദ്ധാശുദ്ധികളെ ഇഴ കീറി പരിശോധിക്കുന്ന ഡോക്യൂമെന്ററിയാണ് , അമൃത പദ്മകുമാർ സംവിധാനം ചെയ്ത രജസ്വല. ആർത്തവത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വശങ്ങൾ ഇതിൽ വിശകലനം ചെയ്യുന്നുണ്ട്.
1948 മുതൽ ഇന്നുവരെ ആർത്തവ സംബന്ധിയായ ആചാരങ്ങളിൽ എത്ര മാത്രം മാറ്റങ്ങൾ വന്നുവെന്നും ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്. വടക്കൻ മലബാറിൽ അന്ന് നിന്നുപോന്നിരുന്ന ആചാരത്തെക്കുറിച്ച് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് ഇന്നും നിലനിന്നു പോകുന്ന അന്ധവിശ്വാസങ്ങളും ചിത്രം പറയുന്നുണ്ട്. 1940 കളിലെ കേരളീയ സമൂഹത്തെക്കാൾ ഏറെ മുന്നോട്ടു വന്ന തലമുറയാണിത്. എങ്കിലും, ആളുകൾക്കിടയിൽ ആർത്തവമെന്നത് അയിത്തമായിത്തന്നെ തുടരുന്നു. ചിത്രത്തിൽ രണ്ടു യുവതികൾ തമ്മിൽ സംസാരിക്കുന്ന ഭാഗത്തിൽ അവർ ഹോസ്റ്റൽ റൂമിലെ ഒരു അനുഭവം പറയുന്നുണ്ട്. പീരീഡ്‌സ് ആണോയെന്ന് ചോദിക്കാതെ, ഒരു രഹസ്യം പറയുന്ന മട്ടിൽ നിനക്ക് ചംസ് ആണൊ എന്ന് ചോദിക്കുന്ന കൂട്ടുകാരി.
ഇപ്പോഴും സ്‌ത്രീകൾക്കിടയിൽ പോലും ആർത്തവത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടക്കുന്നില്ല. വലിയ രഹസ്യം കൈമാറുന്ന പോലെ, കോഡുഭാഷയിലാണ് അവർ ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് തന്നെ. നമ്മുടെ ക്ലാസ്റൂമുകളിൽ മാത്രം അന്വേഷിച്ചാൽ നൂറുകണക്കിന് അത്തരം വാക്കുകൾ കിട്ടും. ഡയറി മിൽക്ക്, രക്ത സാക്ഷി, റെഡ് അലർട്ട് തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.
ചിത്രത്തിൽ ആർത്തവത്തെക്കുറിച്ച് ശാസ്ത്രീയമായി സംസാരിക്കുന്ന ഒരു ഡോക്ടറുടെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ കൊടുത്തിട്ടുണ്ട്. ആർത്തവ രക്തം ഒരു കാരണവശാലും അശുദ്ധമല്ലായെന്നും, അവ മൂല കോശങ്ങളാൽ സമ്പുഷ്ടമാണെന്നുമാണ് ഡോക്ടർ പറയുന്നത്. ആർത്തവ രക്തത്തിൽ നിന്ന് മൂല കോശങ്ങളെ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന കോശങ്ങളെ ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
ആർത്തവമെന്നത് ഒരിക്കലും സ്ത്രീകളെ അകറ്റിനിർത്താനും വേർതിരിക്കാനുമുള്ളതല്ല എന്ന ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. ചിത്രത്തിൽ ആർത്തവത്തെയും രജസ്വലയായ സ്ത്രീയേയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആർത്തവത്തിന്റെ പേരിലുള്ള വിശ്വാസങ്ങൾ യുക്തിരഹിതമാണെന്ന് സമർത്ഥിക്കുന്ന ചിത്രം ഒരു നൂറ്റാണ്ടിനപ്പുറവും സ്ത്രീകളെ എങ്ങനെ അടിച്ചമർത്തുന്നുവെന്നു കാണിച്ചു തരുന്നു.

No comments:
Post a Comment