Saturday, June 6, 2020

'ദി മൂൺ ഇന്സൈഡ് യു'; ആർത്തവത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളും, മാറ്റം വരാത്ത വിശ്വാസങ്ങളും



ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിലുള്ള പലതരത്തിൽപ്പെട്ട ജനങ്ങളുടെ ആർത്തവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മെഡിക്കൽ രംഗത്തെ ആർത്തവത്തെക്കുറിച്ചുള്ള നിർവചനങ്ങളും  ആർത്തവ സംബന്ധിയായി സ്ത്രീകൾ അനുഭവിക്കുന്ന എന്നാൽ പലപ്പോഴും പലരും അവഗണിക്കുന്ന പ്രശ്നങ്ങളും  പ്രതിപാദിക്കുന്ന ഡോക്യൂമെന്ററിയാണ് 'ദി മൂൺ ഇന്സൈഡ് യു'. തൻറെ ശരീരത്തിലെ സുപ്രധാന പ്രക്രിയയായ ആർത്തവത്തെക്കുറിച്ച് കൂടുതലറിയാൻ  സംവിധായിക കൂടിയായ ഡയാന ഫാബിയാനോവാ നടത്തുന്ന യാത്രയിലൂടെയാണ്  ഡോക്യുമെന്ററി  പുരോഗമിക്കുന്നത്.

ഓരോ സമൂഹവും ആർത്തവത്തിന് നൽകിയിരിക്കുന്ന സാമൂഹ്യ മാനം വളരെ വ്യത്യസ്തമാണെന് ഈ ഡോക്യൂമെന്ററി കാണുമ്പോൾ മനസിലാകും. ഉദാഹരണത്തിന്, സ്ലോവാക്യയിൽ ഋതുമതികളായ യുവതികളെ പ്രത്യേകം തയ്യാറാക്കിയ സ്ലൈഡിലൂടെ മഞ്ഞു നിറഞ്ഞ  പ്രദേശത്തുകൂടെ പുരുഷന്മാർ വലിക്കുന്ന ഒരു  ചടങ്ങുണ്ട്. വസന്തകാലമാവുമ്പോഴേക്കും മണ്ണ് കൃഷിയോഗ്യമാക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മറ്റൊരു പ്രദേശത്തു, ആർത്തവമുള്ള സ്ത്രീകൾക്ക് നവജാത ശിശുക്കളെ സ്പർശിക്കാൻ  വിലക്കുണ്ട്.അവർ സ്പർശിച്ചാൽ, കുഞ്ഞുങ്ങളുടെ മരണത്തിനു വരെ കാരണമായേക്കാവുന്ന 'പുജോ' എന്ന അസുഖം  പിടികൂടുമത്രേ. മറ്റു ചിലയിടങ്ങളിൽ  ആർത്തവമുള്ള സ്ത്രീകൾ കൃഷിയിടങ്ങളിൽ പോകുന്നതും, ചെടികളെ തൊടുന്നതും അവ വാടിക്കരിയുന്നതിനും മൃഗങ്ങളെ തൊട്ടാൽ അവ ചത്തുപോകുന്നതിനും കാരണമാകും. ചിലർ കരുതുന്നത്  ആർത്തവമുള്ള സ്ത്രീകൾ പുറത്തിറങ്ങിയാൽ അത് കാലാവസ്ഥാമാറ്റത്തിന്  വരെ കാരണമാവും എന്നാണ്. പാപുവ ന്യൂ ഗിനിയയിലെ പ്രത്യേക ഗോത്രത്തിൽ പെട്ട പുരുഷന്മാർ  പൗർണ്ണമിയിൽ  ജനനേന്ദ്രിയത്തിൽ പ്രത്യേകയിനം ഞണ്ടിനെ ഉപയോഗിച്ചുകൊണ്ട് മുറിവുണ്ടാക്കുകയും രക്തം വരുത്തുകയും  ചെയ്യുന്നുണ്ട്. ആമസോൺ കാട്ടിലെ ഒരു ഗോത്ര വിഭാഗം  ആർത്തവമുള്ള സ്ത്രീയെ പൊതിഞ്ഞു സൂക്ഷിക്കുന്നു. തമിഴ്‌നാട്ടിൽ  ആദ്യ ആർത്തവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷവും ഇതിൽ കാണിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്തയിനം ആചാരങ്ങളുണ്ടാവുന്നതിനുള്ള കാരണങ്ങളും, ആർത്തവത്തെ അശുദ്ധിയായി കാണാനുള്ള കാരണങ്ങളും പ്രശസ്ത ചരിത്രകാരന്മാരും നര വംശ ശാസ്ത്രജ്ഞന്മാരും  വിശദീകരിക്കുന്നുമുണ്ട്.
പലയിടത്തും പരാമർശിക്കാതെ  പോയ, എന്നാൽ ഗൗരവമേറിയ വിഷയമാണ് ആർത്തവ സംബന്ധിയായി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ. പല ഡോക്ടർമാരും ഇതിന് വേണ്ടത്ര പ്രാധാന്യം പോലും കൊടുക്കുന്നില്ല. ആയതിനാൽ പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വിധിയെന്ന് കരുതി സമാധാനിക്കേണ്ടി വരുന്നു. ആർത്തവം മൂലമുണ്ടാവുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ പൂർണമായും ആധുനിക വൈദ്യശാസ്ത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പക്ഷെ, മറ്റു ചില വ്യത്യസ്‌ത രീതികളിലൂടെ,  ഇവയെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഡോക്യൂമെന്ററിയിൽ പറയുന്നു. അത്തരത്തിലൊന്നാണ് ബെല്ലി  ഡാൻസ്. സംഗീതത്തിനനുസരിച്ച്  വയറിനെയും അണ്ഡശയത്തെയും പ്രത്യേക  രീതിയിൽ ചലിപ്പിക്കുന്നതാണ് ഈ നൃത്ത രീതി. ഇത് പരിശീലിക്കുമ്പോൾ ആർത്തവ സംബന്ധിയായ ബുദ്ധിമുട്ടുകൾക്ക് മാറ്റം ഉണ്ടാവുന്നു. കൂടാതെ, ആർത്തവത്തിന് മുൻപുള്ള സ്വയംഭോഗം ആർത്തവ സമയത്തെ വേദനകൾ ലഘൂകരിക്കുന്നു.  ഇത്തരത്തിൽ മരുന്നുകളില്ലാതെ തന്നെ ആർത്തവത്തെ  ആയാസ രഹിതമാക്കാൻ സാധിക്കും എന്നും ഈ ഡോക്യുമെന്ററി സമർത്ഥിക്കുന്നു. 
11 വയസുകാരിയായ ഡൊമിനികയുടെ  നിഷ്ക്കളങ്കമായ അനുഭവങ്ങളും ഡോക്യൂമെന്ററിയിൽ പ്രേക്ഷകർ മറക്കാത്തതായിരിക്കും. ആർത്തവത്തിന് മുൻപുള്ള അവളുടെ സംശയങ്ങളും, സ്കൂളിലെ അനുഭവങ്ങളും, ആർത്തവ അറിവുകളും (Menstrual Knowledge) അവളിലുണ്ടാവുന്ന മാറ്റങ്ങളും, അവളുടെ ആദ്യ ആർത്തവ അനുഭവവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേകത, അനിമേഷൻറെ  സാധ്യതകളെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അവതരിപ്പിക്കാൻ  സംവിധായിക പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ആർത്തവത്തെ നിയന്ത്രിക്കാൻ കോൺട്രാസെപ്റ്റീവ് പിൽസ് പോലുള്ളവ വ്യാപകമായി ഉപയോഗിക്കുന്ന രീതിയെ വിമർശിക്കുന്ന ഡോക്യുമെന്ററി ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാവുന്ന ആർത്തവം സ്വാഭാവികമല്ലായെന്നും പറഞ്ഞുവെക്കുന്നു.
 സ്ത്രീകളുടെ ആർത്തവ ചക്രം ചന്ദ്രമാസവുമായി ബന്ധപ്പെടുത്തിയതാണ്. അതിനാലാണ് നിങ്ങളുടെ ഉള്ളിലെ ചന്ദ്രൻ എന്നർത്ഥം വരുന്ന പേര് നൽകിയതെന്ന് കരുതുന്നു. " എന്റെ ഉള്ളിലെ ചന്ദ്രനെ അനുഭവിക്കാൻ ഞാൻ ശ്രമിക്കുന്നു, എന്റെ അംധാശയത്തിന്റെ താളം ശ്രവിക്കാൻ ഞാൻ പഠിക്കുന്നു,  ഇവ എനിക്ക് പ്രകൃതിയുമായും പ്രപഞ്ചവുമായുമുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച്  എന്നെ ഓർമപ്പെടുത്തുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.  ആർത്തവത്തെ ജീവശാസ്ത്രപരമായ പ്രക്രിയകൾക്കപ്പുറം സാമൂഹികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചിത്രം അടയാളപ്പെടുത്തുന്നു.  


Wednesday, June 3, 2020

ആർത്തവത്തെ അശുദ്ധിയായി കാണുന്നവർക്ക് വേണ്ടി -' രജസ്വല'



ആർത്തവത്തിന്റെ ശുദ്ധാശുദ്ധികളെ ഇഴ കീറി പരിശോധിക്കുന്ന ഡോക്യൂമെന്ററിയാണ് , അമൃത പദ്മകുമാർ സംവിധാനം ചെയ്ത രജസ്വല.  ആർത്തവത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വശങ്ങൾ ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. 

1948 മുതൽ ഇന്നുവരെ ആർത്തവ സംബന്ധിയായ ആചാരങ്ങളിൽ എത്ര മാത്രം മാറ്റങ്ങൾ വന്നുവെന്നും ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്. വടക്കൻ മലബാറിൽ അന്ന് നിന്നുപോന്നിരുന്ന ആചാരത്തെക്കുറിച്ച് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് ഇന്നും നിലനിന്നു പോകുന്ന അന്ധവിശ്വാസങ്ങളും ചിത്രം പറയുന്നുണ്ട്.  1940 കളിലെ കേരളീയ സമൂഹത്തെക്കാൾ ഏറെ മുന്നോട്ടു വന്ന തലമുറയാണിത്. എങ്കിലും,  ആളുകൾക്കിടയിൽ ആർത്തവമെന്നത് അയിത്തമായിത്തന്നെ തുടരുന്നു. ചിത്രത്തിൽ രണ്ടു യുവതികൾ തമ്മിൽ സംസാരിക്കുന്ന ഭാഗത്തിൽ അവർ ഹോസ്റ്റൽ റൂമിലെ ഒരു അനുഭവം പറയുന്നുണ്ട്. പീരീഡ്‌സ് ആണോയെന്ന് ചോദിക്കാതെ, ഒരു രഹസ്യം പറയുന്ന മട്ടിൽ നിനക്ക്  ചംസ് ആണൊ എന്ന് ചോദിക്കുന്ന കൂട്ടുകാരി.

 ഇപ്പോഴും സ്‌ത്രീകൾക്കിടയിൽ പോലും ആർത്തവത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടക്കുന്നില്ല. വലിയ രഹസ്യം കൈമാറുന്ന പോലെ, കോഡുഭാഷയിലാണ് അവർ ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് തന്നെ. നമ്മുടെ ക്ലാസ്റൂമുകളിൽ മാത്രം അന്വേഷിച്ചാൽ നൂറുകണക്കിന് അത്തരം വാക്കുകൾ കിട്ടും. ഡയറി മിൽക്ക്, രക്ത സാക്ഷി, റെഡ് അലർട്ട് തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. 

ചിത്രത്തിൽ ആർത്തവത്തെക്കുറിച്ച് ശാസ്ത്രീയമായി സംസാരിക്കുന്ന ഒരു ഡോക്ടറുടെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ കൊടുത്തിട്ടുണ്ട്. ആർത്തവ   രക്തം ഒരു കാരണവശാലും അശുദ്ധമല്ലായെന്നും, അവ മൂല കോശങ്ങളാൽ സമ്പുഷ്ടമാണെന്നുമാണ് ഡോക്ടർ പറയുന്നത്. ആർത്തവ രക്തത്തിൽ നിന്ന് മൂല കോശങ്ങളെ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന കോശങ്ങളെ ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.  

ആർത്തവമെന്നത് ഒരിക്കലും സ്ത്രീകളെ അകറ്റിനിർത്താനും വേർതിരിക്കാനുമുള്ളതല്ല എന്ന  ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. ചിത്രത്തിൽ ആർത്തവത്തെയും രജസ്വലയായ സ്ത്രീയേയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആർത്തവത്തിന്റെ പേരിലുള്ള വിശ്വാസങ്ങൾ യുക്തിരഹിതമാണെന്ന് സമർത്ഥിക്കുന്ന ചിത്രം ഒരു നൂറ്റാണ്ടിനപ്പുറവും സ്ത്രീകളെ എങ്ങനെ അടിച്ചമർത്തുന്നുവെന്നു കാണിച്ചു തരുന്നു. 

ആണുങ്ങളുടെ ആർത്തവം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ചർച്ചകൾ




ആർത്തവം എന്നെങ്കിലും പുരുഷന് വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?  ഇന്ന് ആർത്തവത്തിന്റെ പേരിൽ നിലനിൽക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാവുന്നത് കാണാം. ആർത്തവത്തെ ഒളിപ്പിച്ചു വെക്കാതെ അതിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ആളുകളെ കാണാം. അങ്ങനെ വളരെ വേറിട്ടൊരു ചിന്തയാണ് ഫസ്റ്റ് പിരീഡ് എന്ന ഷോർട്ട് ഫിലിം പറയുന്നത്. 

ആണുങ്ങൾക്ക് ആർത്തവമുണ്ടായാൽ മാറി മറിയാവുന്ന സാമൂഹിക ചട്ടക്കൂടുകളാണ് ചിത്രത്തിലെ പ്രതിപാദ്യ വിഷയം. ഗ്ലോറിയ സ്റ്റെയിൻ എഴുതിയ 'ഇഫ് മെൻ കുഡ് മെൻസ്ട്രുവേറ്റ്' എന്ന ആക്ഷേപ ഹാസ്യപരമായ ലേഖനവും ഇതിനോടൊപ്പം ചേർത്തു വായിക്കാം. 

പുരുഷന്മാരുടേത് മാത്രമായ ഒരു ഉട്ടോപ്യൻ ലോകത്താണ് കഥ നടക്കുന്നത്. 
ഹൈ സ്കൂൾ ക്ലാസ്സിൽ പഠിക്കുന്ന ആയുഷിന്റെ ആദ്യ ആർത്തവ അനുഭവമാണ് കഥ പറയുന്നത്. വീട്ടിലെ പുരുഷന്മാരെല്ലാവരും തന്നെ ആയുഷിന് പൂർണ പിന്തുണയുമായി എത്തുന്നു. അതിലൊരാൾ അവന്റെ കൂടെ കടയിൽ പോവുകയും മെച്ചപ്പെട്ട പാഡുകൾ വാങ്ങിക്കൊടുക്കയും ചെയ്യുന്നു. സ്കൂളിൽ എത്തുമ്പോഴാവട്ടെ അവന്റെ കൂട്ടുകാരും അധ്യാപകരും അവന്റെ ആശങ്കകൾ ദുരീകരിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ആദ്യം ആയുഷ് വളരെ പരിഭ്രാന്തൻ ആയിരുന്നെങ്കിലും വളരെ സ്വാഭാവികമായി വീട്ടുകർക്കിടയിലും കൂട്ടുകാർക്കിടയിലും ഉണ്ടായ ആർത്തവത്തെപറ്റിയുള്ള ചർച്ചകൾ അവന്റെ ആർത്തവത്തോടുള്ള സമീപനം തന്നെ മാറ്റുന്നു. ആയുഷിന് പകരം ഒരു പെണ്കുട്ടി ആയിരുന്നെങ്കിലോ എന്ന ചോദ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. 

ഏറെ ചിന്തിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കാരണം, ആയുഷിന് പകരം ഒരു പെണ്കുട്ടി ആണെങ്കിൽ, വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ അവൾക്കിത്രയും പിന്തുണയോ കരുതലോ ലഭിക്കില്ല. ആർത്തവത്തെപ്പറ്റി ഇത്രയധികം തുറന്ന ചർച്ചകൾ വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ ഉണ്ടാവുക പോലും ഇല്ല. എങ്ങനെ പാഡുകൾ കൃത്യമായി ഡിസ്‌പോസ് ചെയ്യണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ആയുഷിന് അധ്യാപകൻ പറഞ്ഞു കൊടുക്കുന്നുണ്ട്. പക്ഷെ പെണ്കുട്ടികൾക്കാണെങ്കിലോ? അവസ്ഥ വളരെ പരിതാപകരമാണ്.  സ്കൂളിലോ മറ്റു പൊതുവിടങ്ങളിലോ  കേടുപാടുകൾ ഇല്ലാത്ത ഇൻസിനേറ്റർ പ്രവർത്തിക്കുന്ന, വൃത്തിയുള്ള ശുചിമുറികൾ തന്നെ വളരെ അപൂർവമാണ്. പലർക്കും അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിവ് ലഭിക്കുന്നുപോലുമില്ല. 

ആയുഷിന്  വീടിന് സമീപമുളള ഒരു ചെറിയ കടയിൽ നിന്നും വാങ്ങികൊടുക്കുന്നത് ബയോ ഡിഗ്രേഡബിളായുള്ള സാനിട്ടറി പാഡുകളാണ്. അത്തരം മൂന്തിയയിനം പാഡുകൾ ഇന്ന് കടകളിൽ ലഭ്യമാണോയെന്ന് സംശയമാണ്. ഓൺലൈനായി ലഭിക്കുമെങ്കിലും തുക വളരെ കൂടുതലാണ്. അതിനാൽ തന്നെ സാധാരണക്കാർക്ക് അവ അപ്രായോഗികമാണ്. പക്ഷെ, ആർത്തവം ആണുങ്ങളുടേതാണെങ്കിൽ  ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടക്കുകയും, കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല. 




നേരെത്തെ സൂചിപ്പിച്ച ഗ്ലോറിയ സ്റ്റെയിനിമിന്റെ ലേഖനത്തിലും ആണുങ്ങൾക്ക് ആർത്തവമുണ്ടായാൽ അതൊരു പ്രിവിലേജും, ആണത്തം പോലെ തന്നെ അഭിമാനത്തിന്റെ ഘടകവുമാവുന്നു. ആർത്തവ പ്രശ്നങ്ങൾ കൂടുതൽ ചർച്ചയാവുകയും അവയുടെ കൂടുതൽ ഗവേഷണത്തിനായി പഠന വകുപ്പുകൾ വരെ സ്ഥാപിക്കപ്പെടുന്നു. സാനിറ്ററി പാഡുകളും ടാപോണുകളും സൗജന്യമായി നൽകുന്നു.  ആർത്തവമുള്ളതിനാൽ പുരുഷനെ സമൂഹത്തിന്റെ നാനതുറകളിൽ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിക്കുന്നു. തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളാണ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. 

തമാശരൂപേണ തള്ളിക്കളയാവുന്ന ഒന്നല്ല ഇത്. ഉദാഹരണത്തിന് ആരാധനാലയങ്ങളിലെ ആർത്തവ അയിത്തം എടുക്കാം. ആർത്തവമുള്ളതിനാൽ സ്‌ത്രീകൾക്ക്‌ ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ട്. എന്നാൽ പുരുഷന് ഏത് സമയത്തും പ്രവേശിക്കാം. ഇതിനെ അസമത്വം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? മറിച്ചു പുരുഷനാണ് ആർത്തവമെങ്കിൽ ഇത്തരമൊരു വിലക്കുണ്ടാവുമെന്ന് കരുതുന്നുണ്ടോ? 

ഒരുപാട് ചർച്ചകൾക്ക് വഴിതുറക്കുന്ന, പ്രേക്ഷകനെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ ചിത്രത്തിൽ ആർത്തവം മൂലം ഉണ്ടാവുന്ന ലിംഗ അസമത്വം കൃത്യമായി വരച്ചു കാട്ടുന്നു. 

Thursday, May 28, 2020

ആദ്യാർത്തവ അനുഭവങ്ങൾ; പൊളിച്ചെഴുത്തുന്ന സാമൂഹിക ചട്ടക്കൂടുകൾ



ആദ്യ ആർത്തവ അനുഭവത്തെ ഒട്ടുമിക്കവരും ഓർത്തെടുക്കുന്നുണ്ടാവും. ആദ്യാർത്തവത്തിന്റെ അനുഭവങ്ങളുടെ പിൻബലത്തിലാണ് പലരുടെയും ആർത്തവത്തിനോടുള്ള സമീപനം  രൂപപ്പെടുന്നത് എന്ന് പല പഠനങ്ങളും സൂചിപ്പിചിട്ടുണ്ട്. ഓരോ ആളുകളുടെയും  ചുറ്റുപാടുകൾ, അച്ഛനമ്മമാരുടെ പെരുമാറ്റം എന്നിവയെല്ലാം തന്നെ, ആർത്താവാനുഭവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

തികച്ചും വ്യത്യസ്തമായ രണ്ട് ചുറ്റുപാടുകളിൽ സംഭവിക്കുന്ന ആദ്യ ആർത്തവ അനുഭവങ്ങളാണ്  കണ്ണ സംവിധാനം ചെയ്ത 'മൈ ഫസ്റ്റ് പിരിയഡ്‌സ്' എന്ന സംഭാഷണങ്ങളില്ലാത്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമും, ദിവ്യ ഉണ്ണി സംവിധാനം ചെയ്ത 'ഹെർ ഫസ്റ്റ് ടൈം' എന്ന ഹിന്ദി ഷോർട്ട് ഫിലിമും പങ്കുവയ്ക്കുന്നത്. ഏറെ വ്യത്യസ്തമായ രണ്ടു സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന രണ്ടു പെണ്കുട്ടികളുടെ ആദ്യ ആർത്തവ അനുഭവങ്ങളാണ് രണ്ടു സിനിമയുടെയും പ്രമേയം. 

1970 കളിലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു പെണ്കുട്ടിയുടെ  ആദ്യ ആർത്തവത്തിന്റെ കഥയാണ് 'മൈ ഫസ്റ്റ് പിരിയഡ്‌സ്'  പറയുന്നത്.  മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തനിക്ക് ആർത്തവമായെന്നു തിരിച്ചറിയുകയും കോട്ടൻ തുണി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയാതെ വരികയും ചെയ്യുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെണ്കുട്ടിയുടെ അമ്മ ഏതാനും തുണികൾ തുന്നിച്ചേർത്തുകൊണ്ട് മകൾക്കായി നൽകുകയും, അവൾക്ക് ആത്മവിശ്വാസം പകർന്നു കൂടെ നിൽക്കുകയും ചെയ്യുന്നു. ഋതുമതികളായ പെണ്കുട്ടികളെ മറ്റു പുരുഷന്മാർ കണ്ടുകൂടെന്ന അന്ധവിശ്വാസം നിലനിൽക്കുന്ന ആ സമൂഹത്തിൽ മകളെ പുറത്തിറക്കി അതിനെതിരെ പ്രതികരിക്കുന്ന അമ്മയെ കരുത്തുറ്റ കഥാപാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

 

ഇനി രണ്ടാമത്തെ ചിത്രത്തിലേക്ക് വരാം. നഗര പശ്ചാത്തലത്തിലെ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള ഒരു പെണ്കുട്ടിയുടെ ആദ്യാർത്തവ അനുഭവമാണ് 'ഹെർ  ഫസ്റ്റ് ടൈം' പങ്കുവയ്ക്കുന്നത്.  തന്റെ മകളുടെ ആദ്യ ആർത്തവ സമയത്ത്‌ തിരക്ക് കാരണം എത്താനാവാത്ത ഗൈനക്കോളജിസ്റ്റായ അമ്മയും സംയമനത്തോടെ സന്ദർഭം കൈകാര്യം ചെയ്യുന്ന മകളും അച്ഛനുമാണ് സിനിമയിലെ കഥാപാത്രങ്ങൾ. താൻ മകളുടെ അടുത്ത്  ഉണ്ടായിരിക്കേണ്ട സമയമാണെന്ന് അവർ മനസിലാക്കുന്നുണ്ടെങ്കിലും അല്പം സങ്കീർണമായ ഒരു കേസുള്ളതിനാൽ മകളുടെ അരികിലേക്ക് പോകാൻ സാധിക്കുന്നില്ല. പക്ഷെ, ഈ ഒരു സാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് നേരിടാനെന്ന വണ്ണം, മകൾക്കുവേണ്ടി സാനിറ്ററി പാഡും, അതുപയോഗിക്കേണ്ട വിധവും വിശദമായി എഴുതി പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നു. ഒരു വശത്ത് 'അമ്മ ലേബർ റൂമിൽ ധൈര്യത്തോടെ പ്രസവമെടുക്കുമ്പോൾ, അമ്മയുടെ നിർദേശങ്ങളിലൂടെ മകൾ ആർത്തവത്തിന്റെ ആശങ്കകളെ മറികടക്കുന്നു. 

ഒരു വശത്ത് ഒരു പെണ്കുട്ടി ജനിക്കുമ്പോൾ മറുവശത്ത് ഒരു  പെണ്കുട്ടി തന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. വൈകാരികമായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ധൈര്യത്തോടെ ലേബർ റൂമിൽ പ്രവർത്തിക്കുന്ന ഡോക്റ്ററായ അമ്മയുടെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിലും ആഴത്തിൽ സ്പർശിക്കുന്നു. 

തുടക്കത്തിൽ തന്റെ മകളുടെ ആർത്തവത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ  കുഴങ്ങുന്ന അച്ഛൻ,  ആദ്യ ആർത്തവത്തെ എങ്ങനെ നേരിടണമെന്ന് ഗൂഗിളിന്റെ  സഹായത്തോടെ കണ്ടെത്തി  അവൾക്ക്  ഐസ്‌ ക്രീമും ഹോട്ട് ബാഗും നൽകി അവളെ ചേർത്ത് പിടിക്കുന്നു. ഈ കഥാപാത്രം  ഒരു മികച്ച മാതൃകയാണ് പ്രേക്ഷകർക്ക് നല്കുന്നത്. എന്തുകൊണ്ട് പുരുഷന്മാർക്കും ആർത്തവ വിദ്യാഭ്യാസം (Menstrual Education) നൽകണമെന്ന് ഇതിലും വ്യക്തമായിട്ടെങ്ങനെ കാണിച്ചുതരാൻ സാധിക്കും

ആർത്തവത്തെ ആശുദ്ധിയായി മാത്രം കാണുന്ന ഈ സമൂഹത്തിൽ ഇത്തരമൊരു സിനിമ ചെയ്യാൻ തുനിഞ്ഞപ്പോൾ ഇരു സംവിധായകരും അനുഭവിച്ച പ്രശ്നങ്ങൾ ചില്ലറയല്ല. തമിഴ്നാടിന്റെ ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന, ആർത്തവമില്ലാത്ത (Non-Menstruator) കണ്ണയെ സംബന്ധിച്ചിടത്തോളം സിനിമയുടെ ആശയം മനസിൽ വന്നതു മുതൽ പൂർത്തിയാക്കുന്നതു വരെ ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അനുയോജ്യരായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും, ആർത്തവത്തെ എങ്ങനെ ചിത്രീകരിക്കാം എന്നുൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം പുറത്തു വന്നിട്ടുള്ളത്.  സംവിധായിക ദിവ്യ ഉണ്ണിക്കും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.  കാലം എത്ര കഴിഞ്ഞിട്ടും ആർത്തവത്തെ മറ്റെല്ലാം പോലെ ഒരു സാധാരണ പ്രക്രിയയായി കാണാൻ സമൂഹത്തിന് ഇപ്പോഴും  സാധിക്കുന്നില്ലയെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 

ഇന്നും ആർത്തവമെന്നത് സ്ത്രീകളുടെ മാത്രം രഹസ്യമാണെന്നു കരുതുന്ന, ആർത്തവമായിക്കഴിഞ്ഞാൽ പഠനം നിർത്തേണ്ടി വരുന്ന, ഒറ്റപ്പെട്ട മുറികളിലോ, വീടുകളിലോ കഴിയേണ്ടി വരുന്ന, അനേകം പേർ നമുക്കിടയിലുണ്ട്. അവിടെയാണ് ഈ സിനിമകളുടെ പ്രസക്തി. ഒരിടത്ത് ചെറിയൊരു ഗ്രാമത്തിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സാധാരണക്കാരിയായ അമ്മയും, മറുവശത്ത് നഗരത്തിൽ താമസിക്കുന്ന, ആധുനിക സൗകര്യങ്ങളുള്ള, ഡോക്ടറായ  അമ്മയും. ഇരുവരും തങ്ങളുടെതായ രീതിയിൽ തങ്ങളുടെ പെണ്കുട്ടികളിലൂടെ സമൂഹത്തിലെ വാർപ്പു മാതൃകകൾക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. 

രണ്ടു സിനിമകളും സമൂഹത്തിനു നൽകുന്നത് കാമ്പുള്ള സന്ദേശങ്ങളാണ്. ഏറെ കരുതലോടെ മാത്രമേ ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ, വിഷയത്തിൽ കൃത്യമായ പഠനം നടത്തിയാണ് രണ്ടു സിനിമകളും നിർമിച്ചിട്ടുള്ളത്.

Wednesday, May 27, 2020

മനോജ് കാനയുടെ ചായില്യം മുന്നോട്ട് വെക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം


(image courtesy: http://www.movies-malayalam.com/2014/02/chayilyam-malayalam-movie.html )

ആർത്തവത്തെ വെറുമൊരു ജീവശാസ്ത്രപരമായ പ്രക്രിയയായി കാണുന്നതിന് പകരം, അവ എങ്ങനെ ഒരു സ്ത്രീയുടെ സാമൂഹിക ജീവിതത്തെ ബാധിക്കുമെന്ന് അടയാളപ്പെടുത്തിയ സിനിമയാണ് മനോജ് കാന സംവിധാനം ചെയ്ത ചായില്യം.  ആർത്തവത്തിന്റെ നിരവധി തലങ്ങളെപ്പറ്റി കൃത്യമായി ചർച്ചചെയ്യുന്ന ഈ സിനിമ വിധവയായ ഗൗരിയുടെ ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്.  ഉത്തര മലബാറിലെ ഒരു പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന സിനിമയിൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തിന്മേലുള്ള അധികാരത്തെയും (Agency) അവ എങ്ങനെ സമൂഹം ഇല്ലാതാക്കുന്നുവെന്നും ഗൗരവമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. 

കണ്ണൂർ ജില്ലയിലെ ചെറുകുന്നിനടുത്തുളള തെക്കുമ്പാട് കൂലോത്ത് നടന്നു വരുന്ന ദേവക്കൂത്ത് എന്ന, സ്ത്രീകൾ മാത്രം കെട്ടിയാടുന്ന ഏക തെയ്യക്കോലത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഗൗരിയുടെ കഥ പറയുംമുൻപ് ദേവക്കൂത്തിന്റെ ഐതീഹ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.  

ദേവലോകത്തുനിന്ന് അപൂർവമായ പൂക്കൾ ശേഖരിക്കാനായി ഭൂമിയിൽ എത്തിയ ദേവസുന്ദരികളിൽ ഒരാൾ  തിരിച്ചു ദേവലോകത്തേക്ക് പോകാനാവാതെ കാട്ടിലകപ്പെടുന്നു.  ഇതുകണ്ട അവിടുത്തെ വള്ളുവക്കുറുപ്പന്മാർ അവളെ രക്ഷപ്പെടുത്തി കുടിലുകെട്ടി പാർപ്പിച്ചു.  അവിടെയിരുന്ന് നാരദ മഹർഷിയെ പ്രാർത്ഥിച്ചു പ്രത്യക്ഷനാക്കുകയും നാരദ മഹർഷി അവളെ തിരുവസ്ത്രം അണിയിപ്പിച്ചു തോണിയിൽ പുഴ കടത്തി ദേവലോകത്തേക്ക് യാത്രയാക്കുകയും ചെയ്യുന്നു.  ഈ സംഭവത്തിന്റെ സ്മരണാർത്ഥമാണ് രണ്ടു വർഷത്തിലൊരിക്കൽ  സ്ത്രീകൾ തെയ്യം കെട്ടിയാടുന്നത്.

നാട്ടിലെ ആചാരങ്ങൾക്ക് ഭംഗം വരുത്തിയതിനാൽ കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച ഗൗരിയും കണ്ണനും ഒളിച്ചോടി വിവാഹിതരാവുന്നു. എന്നാൽ 9 വർഷത്തെ അസുഖകരമായ ദാമ്പത്യത്തിനൊടുവിൽ കണ്ണൻ മരണപ്പെടുകയും, ഗൗരിയെ കണ്ണന്റെ അച്ഛൻ, പെരുവണ്ണാൻ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഇതേതുടർന്ന് നാട്ടിലും  സമുദായാംഗങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ ഉടലെടുക്കുമ്പോഴാണ് ഗൗരിയിൽ ചില മാറ്റങ്ങൾ പ്രകടമാവുന്നതും നാട്ടുകാർ ചേർന്ന് അവളെ ദൈവത്തിന്റെ പ്രതിരൂപമായി അവരോധിക്കുകയും ചെയ്യുന്നു. തന്റെ ഇഷ്ടമോ താത്പര്യമോ പരിഗണിക്കാതെ എടുത്ത ഈ തീരുമാനത്തിനെതിരെ ചെറുത്തു നിൽക്കാൻ ഗൗരി ശ്രമിക്കുന്നുണ്ടെങ്കിലും ഗത്യന്തരമില്ലാതെ വഴങ്ങേണ്ടി വരുന്നു. ആർത്തവം നിലച്ചതുൾപ്പെടെയുള്ള മാറ്റങ്ങൾ മാനസികമായേറ്റ ആഘാതത്തിന്റെ പരിണിതഫലങ്ങളാണെന്നു സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും പെരുവണ്ണാൻ ഒഴികെയുള്ള മറ്റാരും അത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല.  

41 ദിവസം വൃതമെടുത്തു കൂലോത്തേക്ക് പോകേണ്ടി വരുന്ന ഗൗരി, മകനെ ഉപേക്ഷിക്കുന്നതുൾപ്പെടെയുള്ള അനേകം വൈകാരികമായ പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്നതായാണ് പിന്നീട് സിനിമയിൽ കാണിക്കുന്നത്.
വൈദ്യൻ കൂടെയായ പെരുവണ്ണാൻറെ ചികിത്സയുടെ ഫലമായി ഗൗരിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുകയും വൃതത്തിലിരിക്കെ തന്നെ അവൾ വീണ്ടും ഋതുമതിയാവുകയും ചെയ്യുന്നു.  പരിഭ്രമിച്ചിരിക്കുന്ന ഗൗരിയെ രക്ഷിക്കാനായി അവളുടെ പത്തു വയസു പ്രായമുള്ള മകൻ വരികയും ഇരുവരും  രഹസ്യമായി പുഴകടന്നു നാട്ടിൽ നിന്നു രക്ഷപ്പെടുന്നിടത്ത് സിനിമ  അവസാനിക്കുന്നു.

ആർത്തവത്തെ സ്ത്രീകളുടെ മാത്രം പ്രശ്നമായി അവതരിപ്പിക്കുന്ന മറ്റനേകം ആവിഷ്കാരങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമായ നിലപാടാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് പെരുവണ്ണാന്റെ കഥാപാത്രം. തന്റെ മരുമകളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഉത്തരവാദിത്വപരമായ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഗൗരി മകനോടൊപ്പം രക്ഷപ്പെടുന്നത് കാണുന്ന അയാളുടെ മുഖത്ത് ആചാരം മുടങ്ങിയതിലുള്ള ദേഷ്യമോ പകയോ ഇല്ല, പകരം  അവൾ രക്ഷപ്പെട്ടത്തിന്റെ ആശ്വാസമാണ് കാണാൻ സാധിക്കുക.  ആർത്തവ സംബന്ധമായ ചർച്ചകളിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിരവധി സംവാദങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ എട്ടു വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ സിനിമ ഏറെ പ്രസക്തമാണ്.  

ഫെമിനിസത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ചചെയ്യുന്നതാണ് ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൻമേലുള്ള അവകാശം. എന്നാൽ അതിലുപരി മതപരമായ ആചാരങ്ങൾ,  എങ്ങനെ അവയെ നിയന്ത്രിക്കുകയും വരുതിയിലാക്കുകയും ചെയ്യുന്നുവെന്ന് ഈ സിനിമ പറയുന്നുണ്ട്. തനിക്ക് യാതൊരു ദൈവീക പരിവേഷവും വേണ്ടായെന്നും, സാധാരണക്കാരിയായി ജീവിച്ചാൽ മതിയെന്നുമുള്ള ഗൗരിയുടെ അപേക്ഷകൾ കൈക്കൊള്ളാൻ പെരുവണ്ണാനൊഴികെയുള്ള ആരുതന്നെ തയ്യാറാവുന്നല്ല. മറ്റു പലരും ദൈവീക സിദ്ധി ലഭിച്ചത് അനുഗ്രഹമായി കരുതുന്നുണ്ടെങ്കിലും ഗൗരി അതിനു തയ്യാറാവുന്നില്ല. തന്റെ മാറ്റങ്ങളെല്ലാം തന്നെ മാനസിക അസ്വാസ്ഥ്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഗൗരി പഴയ തലമുറയുടെ നീതികേടുകളോട് സധൈര്യം സമരം  ചെയ്യുന്നുണ്ട്.

മാനസികാരോഗ്യവും ആർത്തവവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സിനിമ പറഞ്ഞു വെക്കുന്ന മറ്റൊരു പ്രധാന വിഷയം. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ മാനസിക സംഘർഷത്തിലൂടെ കടന്നു പോയ ആളാണ് ഗൗരി. വിവാഹ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും, കുടുംബത്തിന്റെ ഒറ്റപ്പെടുത്താലും എല്ലാം അവളുടെ മാനസിക വിഭ്രാന്തിക്കും, ആർത്തവം നിലക്കുന്നതിനും കാരണമായി. എന്നാൽ അത് തിരിച്ചറിഞ്ഞു ചികിത്സ നേടാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും ഗൗരി ആഗ്രഹിക്കുന്നു. ഗൗരി ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിലൂടെയാണ് ഗൗരിയുടെ വിവാഹ ജീവിതത്തെപ്പറ്റി പ്രേക്ഷകന് മനസ്സിലാവുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ മാത്രം നിറഞ്ഞ ദുഃസ്വപ്നങ്ങൾ മാത്രം  കണ്ടുകൊണ്ടിരുന്നിടത്ത്,  അവരുടെ ജീവിതത്തിന്റെ സുരഭില നിമിഷങ്ങൾ അവൾ സ്വപ്നങ്ങളായി കാണാൻ തുടങ്ങുമ്പോഴാണ് അവളിൽ ആർത്തവം പുനരാരംഭിക്കുന്നത്. 

അച്ഛൻ നഷ്ടപ്പെട്ട, അമ്മയെ നഷ്ടപ്പെടാൻ പോകുന്ന മകന്റെ വേദന വളരെ കൃത്യമായി അവതരിപ്പിക്കാൻ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ദേവക്കൂത്തിന്റെ ഐതിഹ്യത്തിൽ പ്രതിപാദിച്ചത് പ്രകാരം ദേവസ്ത്രീയെ രക്ഷിക്കാനെത്തിയ നാരദനെപോലെയാണ് മകൻ ഗൗരിക്ക് രക്ഷയായി എത്തുന്നതും, കഥയിലെപോലെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുന്നതും. 

നിസ്സഹായയായ ഒരു യുവതിയുടെ സാമൂഹിക സാഹചര്യങ്ങളോടുള്ള ചെറുത്തുനിൽപ്പും പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. സമൂഹത്തിന്റെ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതിയ ഈ സിനിമ ഓരോ പ്രേക്ഷക മനസിലും ചിന്തയുടെ കനൽ വിതറിയാണ് അവസാനിക്കുന്നത്. 

- ഇഷിക 

'ദി മൂൺ ഇന്സൈഡ് യു'; ആർത്തവത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളും, മാറ്റം വരാത്ത വിശ്വാസങ്ങളും

ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തര...